തൃശൂർ: കേരളാ ലളിതകലാ അക്കാദമി ക്യാംപിൽ നിന്ന് ഒഴിവാക്കിയതിനെതിരേ മാനനഷ്‌ട നോട്ടീസ് അയച്ച് ദളിത് ചിത്രകാരൻ. സാഹിത്യകാരനും കൂടിയായ മണ്ണംപേട്ട നെല്ലായി വീട്ടിൽ ഡോ.ഷാജു നെല്ലായിയാണ് അക്കാദമിക്കെതിരേ നോട്ടീസ് അയച്ചത്.
ലളിതകലാ അക്കാദമി സംഘടിപ്പിച്ച ‘നിറകേരളം’ ചിത്രകലാ ക്യാംപിലേക്ക് ക്ഷണിക്കുകയും കാൻവാസും മുൻകൂർ തുകയും നൽകിയ ശേഷം ഒഴിവാക്കുകയായിരുന്നു എന്നാണ് ഷാജുവിന്റെ ആരോപണം. മുൻകൂർ തുകയായി 7000 രൂപയാണ് കൈപ്പറ്റിയത്. തുടർന്ന്, ഓഗസ്‌റ്റ് 26 ന് ക്യാമ്പിൽ നിന്ന് ഒഴിവാക്കിയതായി അക്കാദമി അധികൃതർ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ശ്രീ ശങ്കരാ സർവകലാശാല ചിത്രകലാ വിഭാഗം ഗസ്‌റ്റ് ലക്ച്ചറർ ആണെന്നതായിരുന്നു കാരണം.
ഒഴിവാക്കിയതിന് പിന്നാലെ കാൻവാസും തുകയും തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടതായും ഷാജു പറഞ്ഞു. അക്കാദമിയിലെ ചിലരുടെ സ്വാർത്ഥത മൂലമാണ് തന്നെ പുറത്താക്കിയതെന്നും അയോഗ്യത കാരണമല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. നഷ്‌ട പരിഹാരമായി അഞ്ച് ലക്ഷം രൂപയാണ് ഷാജു മാനനഷ്‌ട നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഡോ.ഷാജുവിനെ അവഗണിച്ചിട്ടില്ല എന്നാണ് ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്‌പരാജ് അറിയിച്ചത്. കോവിഡ് കാലത്ത് മറ്റ് വരുമാന മാർഗം ഇല്ലാത്തവർക്ക് വേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചെന്നും സർവകലാശാലയിൽ നിന്ന് വേതനം കൈപ്പറ്റുന്നതിനാലാണ് ഷാജുവിനെ അവസാന പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതെന്നും ചെയർമാൻ വ്യക്‌തമാക്കി. പണവും കാൻവാസും തിരിച്ചു ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.







































