ദുബായ്: പൂര്‍ണ നയതന്ത്ര കരാര്‍ ഒപ്പ് വെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇസ്രായേലില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാനാണ് രാജ്യങ്ങളുടെ പദ്ധതി. സ്വകാര്യ മേഖലയിലെ പ്രമുഖരായ അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ് ഇസ്രായേല്‍ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. ഇസ്രായേലില്‍ പ്രതിനിധി ഓഫീസ് തുടങ്ങാന്‍ തയാറെടുക്കുകയാണ് അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ്.
വിദേശ കമ്പനികള്‍ക്ക് നിയന്ത്രണം ഇല്ലാത്തതും 100 ശതമാനം സ്വന്തം ഉടമസ്ഥാവകാശം ഉള്ളതുമായ കമ്പനികള്‍ക്ക് ഇസ്രായേലില്‍ പ്രവര്‍ത്തനം തുടങ്ങാം. കമ്പനികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഇതിന് അനുമതി നല്‍കുന്നുണ്ട്. ഓഫീസിനോടൊപ്പം ഇസ്രായേലിലെ തന്ത്ര പ്രധാനമായ ഹെയ്‌ഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കാനും വികസിപ്പിക്കാനുമുള്ള കരാറിന് യുഎഇയിലെ ഡിപി വേള്‍ഡ് കമ്പനിയും ശ്രമിക്കുന്നുണ്ട്.
അതേസമയം, ഇസ്രായേല്‍ കമ്പനികള്‍ യുഎഇയില്‍ ഓഫീസ് തുറക്കാന്‍ പദ്ധതി ഇടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇസ്രയേലിന്റെ ഏറ്റവും വലിയ ബാങ്കിന്റെ പ്രതിനിധികള്‍ രണ്ടാഴ്ച മുമ്പ് യുഎഇയില്‍ എത്തിയിരുന്നു. ഇരുരാജ്യങ്ങളും ആദ്യ ഘട്ടങ്ങളില്‍ 28,000 കോടി രൂപയുടെ വ്യാപാര സാധ്യതകളാണ് കണക്കാക്കുന്നത്. ഇത് മൂന്നിരട്ടിയായേക്കാമെന്നും വിലയിരുത്തുന്നു.
അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും ദുബായ് ഡയമണ്ട് എക്‌സ്‌ചേഞ്ചും ഇസ്രായേലില്‍ പങ്കാളികളെ കണ്ടെത്തി. സമാധാനക്കരാറിന് പുറമേ ഇരു രാജ്യങ്ങളും ഊര്‍ജം, നിക്ഷേപം, ടൂറിസം, നേരിട്ടുള്ള വിമാന സര്‍വീസ്, സുരക്ഷ, ടെലികോം അടക്കമുള്ള മേഖലകളിലും ഉഭയകക്ഷി കരാറുകള്‍ ഒപ്പ് വെക്കും. കോവിഡ് വാക്സിന്‍ വികസിപ്പിക്കാന്‍ യുഎഇ ഇസ്രായേല്‍ കമ്പനിയുമായി കഴിഞ്ഞ മാസം കരാറുണ്ടാക്കിയിരുന്നു.
അബുദാബി-ടെല്‍ അവീവ് വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ ജറുസലേം പഴയ നഗരത്തിലെ അല്‍ അഖ്‌സ പള്ളിയിലേക്ക് കൂടുതല്‍ പേര്‍ക്ക് തീര്‍ത്ഥാടന അനുമതിയും ലഭിക്കും.