ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനി, ഞായർ ദിവസങ്ങളിൽ നടന്ന മൽസരങ്ങൾ സമനിലയിൽ അവസാനിച്ചതോടെയാണ് വിജയിയെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവന്നത്. ഇരുവരുടെയും ആദ്യ ഫൈനലായിരുന്നു ഇത്. ഈ വിജയത്തോടെ ദിവ്യ ദേശ്‌മുഖ് ഗ്രാൻഡ്‌മാസ്‌റ്റർ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88ആം ഗ്രാൻഡ്‌മാസ്‌റ്ററാണ് ദിവ്യ. വനിതകളിൽ നാലാം ഗ്രാൻഡ്‌മാസ്‌റ്ററും.
കൊനേരു ഹംപി, ഡി. ഹരിക, വൈശാലി എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മുൻഗാമികൾ. ഇതിന് പുറമെ അടുത്ത വനിതാ കാൻഡിഡേറ്റ്‌സിനും ദിവ്യ യോഗ്യത നേടി. ടൈബ്രേക്കറിന്റെ ആദ്യ ഘട്ടത്തിലുള്ള ഒന്നാം റാപ്പിഡ് ഗെയിമിൽ ഇരുവരും തുല്യത പാലിച്ചെങ്കിലും രണ്ടാം റാപ്പിഡ് ഗെയിമിൽ നേടിയ വിജയത്തോടെയാണ് ദിവ്യ കിരീടം ചൂടിയത്.
ഇരുവർക്കും 15 മിനിറ്റും ഓരോ നീക്കത്തിനും 10 സെക്കൻഡ് അധിക സമയവുമുള്ള രണ്ട് റാപ്പിഡ് ഗെയിമുകളിലെ ആദ്യ ഗെയിമാണ് സമനിലയിൽ അവസാനിച്ചത്. റാപ്പിഡ് ടൈബ്രേക്കറിൽ ഫലം കണ്ടതോടെ ബ്ളിറ്റ്സ്, ആർമഗെഡൻ മൽസരങ്ങൾ വേണ്ടിവന്നില്ല.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!