തൃശൂർ: മകന്റെ അടിയേറ്റ് വയോധികരായ മാതാപിതാക്കൾ കൊല്ലപ്പെട്ടു. തൃശൂർ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദാരുണ സംഭവം നടന്നത്. മദ്യപിച്ചെത്തിയ പ്രദീപ് കമ്പിപ്പാരയുമായി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയ്ക്ക് അടിയേറ്റ രാമകൃഷ്ണൻ ഇന്നലെ രാത്രി പത്ത് മണിയോടെയും ഗുരുതരമായി പരിക്കേറ്റ തങ്കമണി ഇന്ന് രാവിലെയുമാണ് മരിച്ചത്.
സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രദീപ് ലഹരിക്ക് അടിമയാണെന്നാണ് വിവരം. മദ്യപിച്ചെത്തുന്ന പ്രദീപിന്റെ ഉപദ്രവം കാരണം ഇയാളുടെ ഭാര്യയും മക്കളും മാറി താമസിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വീട് സീൽ ചെയ്തു.
Also Read: വരും വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാകും; ധനമന്ത്രി








































