പാലക്കാട്: ജില്ലയിലെ പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളായ ചന്ദ്രനെയും, ദേവിയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ സനലുമായി തെളിവെടുപ്പ് നടത്തി. ദമ്പതികളെ കൊലപ്പെടുത്തിയ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ കൊലപാതകമാണെന്നാണ് വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളും, ദേവിയുടെ ശരീരത്തിൽ 33 വെട്ടുകളും ഉണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വിഷാദ രോഗിയായ സനൽ മാതാപിതാക്കളെ ഉൾപ്പടെ സംശയ ദൃഷ്ടിയോടെയാണ് കണ്ടിരുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി അമ്മയുമായി ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ദേവി വെള്ളം ചോദിച്ചതിന് പിന്നാലെയാണ് സനലുമായി തർക്കം ഉണ്ടായത്. തുടർന്ന് കൊടുവാളും, അരിവാളും ഉപയോഗിച്ച് ഇയാൾ ദേവിയെ വെട്ടുകയായിരുന്നു. പിന്നാലെ അടുത്ത മുറിയിൽ നിന്നും ചന്ദ്രന്റെ നിലവിളി കേട്ട് അവിടേക്ക് എത്തിയ സനൽ ചന്ദ്രനെയും വെട്ടി പരിക്കേൽപ്പിച്ചു.
വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇരുവരുടെയും മുറിവുകളിലേക്കും, വായിലേക്കും ഇയാൾ കീടനാശിനി ഒഴിക്കുകയും മരണം ഉറപ്പാക്കുകയും ചെയ്തു. അതിന് ശേഷമാണ് വീട്ടിൽ നിന്നും പുറത്തു കടന്നത്. തുടർന്ന് ബെംഗളുരുവിലേക്ക് കടന്ന ഇയാളെ തന്ത്രപരമായി സഹോദരനെ കൊണ്ട് വിളിച്ചു വരുത്തുകയായിരുന്നു. നാട്ടിലെത്തിയ ശേഷമാണ് പോലീസ് സനലിനെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ മുതല്‍ ഇയാൾ കൊക്കെയിനും കഞ്ചാവും ഉപയോഗിച്ചിരുന്നെന്ന് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
Read also: കീഴുപറമ്പ് ജലോൽസവം; നാല് തോണികൾ ചാലിയാറിൽ ഇറക്കി







































