മഹാരാഷ്ട്ര: വ്യാജ കസ്റ്റമർ കെയറിലേക്ക് വിളിച്ച അഭിഭാഷകന് നഷ്ടമായത് 40000 രൂപ. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കൊറിയർ സർവീസ് നമ്പർ ആണെന്ന വ്യാജേന ഓൺലൈനിലെ വെബ്സൈറ്റിൽ നൽകിയിരുന്ന നമ്പറിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് പണം നഷ്ടമായത്. സംഭവത്തെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ ക്രൈം ഉദ്യോഗസ്ഥർ അറിയിച്ചു.
ഗൂഗിൾ ഉൾപ്പടെയുള്ള സർച്ച് എഞ്ചിനുകളിൽ കസ്റ്റമർ കെയർ അല്ലെങ്കിൽ മറ്റ് സേവന മേഖലകളിലെ നമ്പറുകൾ തിരയുമ്പോൾ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്ന് സൈബർ പോലീസ് അറിയിച്ചു. ‘സേവന ദാതാക്കളാണെന്ന വ്യാജേന ഇത്തരം തട്ടിപ്പുകാർ ഓൺലൈൻ വെബ്സൈറ്റുകളിൽ മൊബൈൽ നമ്പറുകൾ അല്ലെങ്കിൽ ടെലിഫോൺ നമ്പറുകൾ നൽകും. ആളുകൾ അത്തരം നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ അവരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കുകയും പണം തട്ടുകയും ചെയ്യും’- സൈബർ ക്രൈം ഓഫീസർ ഗീത ബാഗ്വഡെ വ്യക്തമാക്കി.
അഭിഭാഷകനെ കബളിപ്പിച്ച കേസിലെ പ്രതിക്കെതിരേ മുകുന്ദവാടി പോലീസ് ഐടി ആക്റ്റിനൊപ്പം വഞ്ചനാ കുറ്റത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായ അഭിഭാഷകൻ ആശിഷ് കെവാട് നൽകിയ പരാതി അനുസരിച്ച് ഒക്ടോബർ 7 നാണ് സംഭവം നടക്കുന്നത്. ഒരു സ്വകാര്യ കൊറിയർ കമ്പനിയിൽ നിന്ന് പ്രധാനപ്പെട്ട ചില ഡോക്യുമെന്റുകൾ എത്താൻ വൈകിയത് കൊണ്ടാണ് അദ്ദേഹം ഓൺലൈനിൽ കണ്ട കസ്റ്റമർ കെയർ നമ്പറിലേക്ക് ബന്ധപ്പെട്ടത്. ആദ്യം വിളിച്ചപ്പോൾ ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് ആശിഷിന്റെ ഫോണിലേക്ക് തിരികേ വിളിക്കുകയും വിവരങ്ങൾ മറ്റൊരു നമ്പറിലേക്ക് അയക്കാൻ പറയുകയും ചെയ്തു. വ്യാജൻമാർ നൽകിയ നമ്പറിലേക്ക് വിവരങ്ങൾ അയച്ചു കൊടുത്ത ആശിഷിന് പിന്നീട് വന്ന മെസേജ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായിരുന്നു.
ഇത്തരം വ്യാജ കസ്റ്റമർ കെയർ തട്ടിപ്പുകൾ ദിനംപ്രതി വർധിച്ച് വരികയാണ്. ഔദ്യോഗിക വെബ്സൈറ്റുകളിൽ കാണുന്ന നമ്പറുകളിൽ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. അനാവശ്യമായി ഓൺലൈൻ ലിങ്കുകളിൽ കയറി മൊബൈൽ നമ്പർ പോലുള്ള വിവരങ്ങൾ പോലും പങ്ക് വെക്കരുത്. ഇത്തരത്തിലുള്ള ഏതെങ്കിലും വ്യാജ വെബ്സൈറ്റുകളോ നമ്പറുകളോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണം.








































