ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. മോസ്‌കോയില്‍ വച്ച് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്യിയും ഇന്നലെ റഷ്യയില്‍ നടന്ന ഉച്ച വിരുന്നിലും പങ്കെടുത്തിരുന്നു. അതിർത്തിയിൽ പ്രശ്‌നങ്ങൾ ആരംഭിച്ച ശേഷം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത് ആദ്യമായാണ്. മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കുമെങ്കിലും നിർണ്ണായക ചർച്ചകൾ വൈകുന്നേരമായിരിക്കും നടക്കുക. അതിർത്തിയിൽ നാല് മാസങ്ങൾക്ക് മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെക്കും.
ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ആവശ്യവുമായി മുന്നോട്ട് പോകാനാണ് സാധ്യത. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യം സമ്പൂര്‍ണ പിന്മാറ്റത്തിന് തയ്യാറാകണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതല്ലാതെ ഒരു ഒത്തുതീര്‍പ്പിനും ഇന്ത്യ തയ്യാറല്ല എന്നും ചര്‍ച്ചയില്‍ ആവശ്യപ്പെടും. അതിര്‍ത്തിയില്‍ നിന്നും പിന്മാറാനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കുമെന്ന് ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയിലെ പാങ്‌ഗോംഗ് തീരത്തുനിന്നും ഇന്ത്യന്‍ സേന പിന്‍മാറണമെന്നായിരിക്കും ചൈന ഉന്നയിക്കുന്ന ആവശ്യം. ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനോടകം തന്നെ നിരവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായി തന്നെ തുടരുകയാണ്. മോസ്‌കോയില്‍ വച്ച് തന്നെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്‌ച നടന്നിരുന്നു.