കൊച്ചി: കാറപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഇന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുക. പാസ്‌വേർഡ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇത് പിടിച്ചെടുത്തത്.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ എയ്റ്റീന്‍ ഹോട്ടലില്‍ നടന്ന നിശാ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. അപകടത്തില്‍പെട്ടവര്‍ എത്രസമയം ഇവിടെ ഉണ്ടായിരുന്നുവെന്നും പാര്‍ട്ടിയില്‍ മദ്യം അല്ലാതെ മറ്റ് ലഹരി വസ്‌തുക്കള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുക.
നവംബര്‍ ഒന്ന് തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ അപകടമുണ്ടായത്. വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്‌ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരാണ് മരണപ്പെട്ടത്. അന്‍സിയും അഞ്‌ജനയും സംഭവസ്‌ഥലത്ത് വെച്ചും മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസം ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അബ്‌ദുറഹ്‌മാന്റെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഒന്നരമണിക്കൂറോളം ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്‌വേർഡ് ലഭിച്ചില്ല. ഐടി വിദഗ്‌ധരുടെ സേവനം പോലീസ് ഇതിനായി ഉപയോഗപ്പെടുത്തും.
അതേസമയം ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്‌തു.
എന്നാല്‍ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ റിമാന്‍ഡില്‍ തുടരുകയാണ്.
Most Read: ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമായേക്കും; കേരളത്തിൽ ഇന്നും ജാഗ്രതാ നിർദ്ദേശം