കൊച്ചി: കേരളത്തിൽ സ്വർണവില താഴോട്ട്. ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 9070 രൂപയും പവന് 200 രൂപ കുറഞ്ഞ് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപയാണ്. പവന് 1320 രൂപയും. ഇതോടെ സ്വർണാഭരണ പ്രേമികൾ പ്രതീക്ഷയിലാണ്. രാജ്യാന്തര സ്വർണവില നേരിട്ട തളർച്ചയുടെ കരുത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
ഔൺസിന് 3316 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തര വില പക്ഷേ, ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് കയറിയത് ആശങ്കയാണ്. 8 ഡോളർ ഉയർന്ന് 3327 ഡോളറിലാണ് വ്യാപാരം. ഈ ട്രെൻഡ് ശക്‌തമായാൽ കേരളത്തിലും വില ഉയർന്നേക്കാം. സ്വർണത്തിന്റെ രാജ്യാന്തര വില, മുംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക്, രൂപയും ഡോളറും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്‌ഥാനമാക്കിയാണ് ഓരോ ദിവസവും കേരളത്തിൽ സ്വർണവില നിർണയിക്കുന്നത്.
സംസ്‌ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ചില കടകളിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7475 രൂപയായി. ചില കടകളിൽ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7440 രൂപയാണ്. അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വ്യത്യസ്‌ത വിലയ്‌ക്ക് കാരണം. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നെന്ന വാർത്തകളും ലാഭമെടുപ്പും യുഎസ് ഡോളർ ഇൻഡക്‌സിന്റെ കുതിപ്പുമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചത്.
ഇങ്ങനെ കുറഞ്ഞവില മുതലെടുത്തുള്ള ‘വാങ്ങലാണ്’ (ബൈയിങ് ദ ഡിപ്പ്) ഇപ്പോൾ വില മെല്ലെ കയറാനുള്ള പ്രധാന കാരണം. യുഎസിൽ അടിസ്‌ഥാന പലിശനിരക്ക് സമീപ ഭാവിയിലെങ്ങും കുറയാനുള്ള സാധ്യത മങ്ങിയത് സ്വർണത്തിന് തിരിച്ചടിയാണ്.
അതേസമയം, 2026ന്റെ ആദ്യപകുതിയോടെ രാജ്യാന്തര വില 4000 ഡോളർ കടക്കുമെന്ന് യുഎസ് ധനകാര്യ സ്‌ഥാപനങ്ങളായ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ എന്നിവയിലെ അനലിസ്‌റ്റുകൾ പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 85,000 രൂപയിലെത്തും.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ