കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും കൂടി. ശനിയാഴ്‌ച സ്വർണം പവന് 120 രൂപ കൂടി 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ പവന്റെ വിലയിൽ രണ്ടാഴ്‌ചക്കിടെ 2,000 രൂപയുടെ വർധനയാണ് ഉണ്ടായത്.
സ്വർണവില തുടർച്ചയായി വർധിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 15 ദിവസത്തിനിടെ ആറ് ശതമാനമാണ് വില കൂടിയത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 46,648 രൂപയായി.
ആഗോള വിപണിയിലും നാലു ശതമാനത്തിന്റെ വർധനയാണ് ഈ ആഴ്‌ച രേഖപ്പെടുത്തിയത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,781 ഡോളർ നിലവാരത്തിലെത്തി.
ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാം തരംഗവും സമ്പദ്ഘടനകളെ ശക്‌തിപ്പെടുത്താൻ ഉത്തേജന പാക്കേജുകളുടെ ഭാഗമായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വിപണിയിൽ വൻതോതിൽ പണമിറക്കുന്നതും കുറഞ്ഞ കാലത്തേക്കെങ്കിലും സ്വർണവിലയെ സ്വാധീനിച്ചേക്കാം എന്നാണ് വിലയിരുത്തൽ. ഉൽസവ-വിവാഹ സീസണായതിനാൽ സ്വർണത്തിന് ഡിമാൻഡ് വർധിച്ചതും വില ഉയരാൻ കാരണമായി.
Also Read: വാഹനാപകടം; ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ നഷ്‌ടപരിഹാരം കുറക്കാനാകില്ല; ഹൈക്കോടതി







































