ലോകത്തിലെ ഏറ്റവും വിലയേറിയ പോത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഹരിയാനയിൽ നിന്നുള്ള ‘അൻമോൽ’ എന്ന വിലപിടിപ്പുള്ള പോത്താണ് ഇപ്പോൾ ഇന്റർനെറ്റിലെ വൈറൽ താരം. ഭീമാകാരമായ ശരീരവും തിളങ്ങുന്ന ചർമവുമുള്ള അൻമോൽ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്. ഇപ്പോഴിതാ പ്രശസ്‌തമായ പുഷ്‌കർ മേളയിൽ താരമായിരിക്കുകയാണ് അൻമോൽ.
പുഷ്‌കറിൽ നടക്കുന്ന കന്നുകാലി ചന്തയിൽ അൻമോലെ കൂടാതെ ഒട്ടേറെ വിലകൂടിയ മൃഗങ്ങളുണ്ട്. എന്നാൽ, അൻമോൽ ഒരു സാധാരണ മൃഗമല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. അൻമോലെ സ്വന്തമാക്കുന്ന വിലയ്‌ക്ക് രണ്ട് റോൾസ് റോയ്‌സ് കാറുകളോ, പത്ത് ബെൻസ് വാഹനങ്ങളോ വാങ്ങാം.
23 കോടി രൂപയാണ് അൻമോന്റെ വില. 1500 കിലോഗ്രാം ആണ് ഭാരം. ഈ പോത്തിന്റെ ബീജത്തിനും ആവശ്യക്കാരുണ്ട്. ബീജം വിൽപ്പനയിലൂടെ മാത്രം ഉടമയായ ഗിൽ പ്രതിമാസം ഏകദേശം അഞ്ചുലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്. ആഴ്‌ചയിൽ രണ്ടുതവണയാണ് ബീജം ശേഖരിച്ച് വിൽക്കുന്നത്.
മികച്ച പരിചരണം നൽകിയാൽ മുറ ഇനത്തിലുള്ള പോത്തിന്റെ സാധാരണ ആയുസ് 25 വർഷം വരെയാണ്. എന്നാൽ, സമ്പുഷ്‌ടമായ ഭക്ഷണക്രമം പാലിച്ചാൽ അൻമോലിന് കൂടുതൽ കാലം ജീവിക്കാൻ കഴിയും. എട്ടുവയസ് പ്രായമുള്ള പോത്തിന്റെ ഒരു ദിവസത്തെ ഭക്ഷണവും മറ്റു ചിലവുകളും മാത്രം 1500 രൂപ വരും. 250 ഗ്രാം ബദാം, നാലുകിലോയോളം മാതളം, 30 ഏത്തപ്പഴം, അഞ്ചുലിറ്റൽ പാൽ, 20 മുട്ട തുടങ്ങിയവയാണ് ഏകദേശ ഭക്ഷണക്രമം.
ഇതോടൊപ്പം തന്നെ നെയ്, സോയാബീൻ, ചോളം, പച്ചപ്പുല്ല് എന്നിവയും നൽകുന്നുണ്ട്. ദിവസവും രണ്ടുനേരം എണ്ണതേച്ച് മിനുക്കിയാണ് ഈ പോത്തിനെ കുളിപ്പിക്കുന്നത്. ഒക്‌ടോബർ 30ന് തുടങ്ങി നവംബർ അഞ്ചുവരെ നീണ്ടുനിൽക്കുന്ന മേളയിൽ എണ്ണമറ്റ മൃഗങ്ങളെ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ, ഇത്തവണ അൻമോലിനാണ് കൂടുതൽ ശ്രദ്ധ ലഭിച്ചത്. ഈ പോത്തിന്റെ വീഡിയോകൾ ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്






































