കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത. പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഈരാറ്റുപേട്ട ഇൻസ്‌പെക്‌ടർക്ക് മുന്നിൽ ജോർജ് ഇന്ന് ഹാജരാകുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നുണ്ട്.
പോലീസുമായി ചർച്ച നടത്തിയ ബിജെപി ജില്ലാ നേതാക്കൾ പ്രകടനം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം പോലീസ് അറസ്‌റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പിസി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. യൂത്ത്‌ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം, പിസി ജോർജ് വീട്ടിലില്ലെന്നാണ് വിവരം. അദ്ദേഹം എവിടെയാണ് ഉള്ളതെന്ന കാര്യത്തിൽ വ്യക്‌തതയില്ല.
Most Read| 18 കഴിഞ്ഞവർക്ക് ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാം; വ്യക്‌തി നിയമ ഭേദഗതിയുമായി യുഎഇ