എറണാകുളം: പാതയോരത്തെ കൊടിതോരണങ്ങൾ നീക്കം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർവകക്ഷി യോഗം ചേർന്നതിനെതിരെയാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. കോടതി ഉത്തരവുകളോട് ഇതാണോ സമീപനമെന്നും, ഉത്തരവുകൾ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാൽ എങ്ങനെ മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു.
കൊടിതോരണങ്ങള്‍ സ്‌ഥാപിക്കാൻ അനുമതി വേണമെന്നാണ് രാഷ്‌ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടികള്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യാൻ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം തേടാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു. കൂടാതെ പാതയോരത്ത് കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് കോടതിയോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ തീരുമാനമായിരുന്നു.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിൽ പാതയോരങ്ങളിൽ സ്‌ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിരവധി തവണ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ അത് നടപ്പാക്കാതായതോടെ കോടതി കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്.
Read also: ‘എൽഡിഎഫിന് വേണ്ടി വിഐപി രക്‌തസാക്ഷി ആകരുത്’; ചെങ്ങന്നൂർ സിഐക്ക് വധഭീഷണി