എറണാകുളം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും നടത്തുന്ന സമ്മേളനങ്ങളും യോഗങ്ങളും തടയണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. തിരുവനന്തപുരം സ്വദേശി അരുൺ രാജ് സമർപ്പിച്ച ഹരജിയാണ് കോടതി തള്ളിയത്. പബ്ളിസിറ്റി മാത്രം ലക്ഷ്യം വച്ചാണ് ഹരജി സമർപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തെ തുടർന്ന് പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് പുറത്തിറക്കിയ ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും, ഇത് ലംഘിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നുമാണ് ഹരജിക്കാരന് ആരോപണം ഉന്നയിച്ചത്. നേരത്തെ കാസർഗോഡ് ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സിപിഎം ജില്ലാ സമ്മേളനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതി ഈ ഹരജിയിൽ ഇടപെട്ട് സമ്മേളനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഇപ്പോൾ സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ സമ്മേളനങ്ങളും മറ്റും നടക്കുകയാണെന്ന് ആരോപണവുമായി ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Read also: തലശ്ശേരി ജില്ലാ കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; അന്വേഷണം തുടങ്ങി