ന്യൂഡെൽഹി: ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തു. അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പിന് നൽകിയ ഉത്തരങ്ങളിൽ തൃപ്‌തി തോന്നാത്തതിനെ തുടർന്നാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്‌തതെന്നാണ് വിവരം.
നേരത്തെ റോബർട്ട് വാദ്രയുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം കഴിഞ്ഞിരുന്നില്ല. തുടർന്നാണ് തിങ്കളാഴ്‌ച വാദ്രയുടെ ഓഫീസിലെത്തി മൊഴി രേഖപ്പെടുത്താൻ ഉദ്യോഗസ്‌ഥർ തീരുമാനിച്ചത്.
ബിക്കാനേർ, ഫരീദാബാദ് ഭൂമികളുടെ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി, യുകെയിലെ ബിനാമി സ്വത്തുകേസ് എന്നിവയിലാണ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്‌തിയാണ് വാദ്ര. ഇതിൽ 2018ൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ നിരന്തരം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.
2015ൽ വാദ്രയുടെ കമ്പനിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കലിനും കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. കുറഞ്ഞ ചിലവിൽ 69.55 ഹെക്‌ടർ ഭൂമി സ്വന്തമാക്കിയെന്നും അനധികൃത വിൽപ്പനയിലൂടെ 5.15 കോടി നേടിയെന്നുമാണ് കേസ്. ഇതുകൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വാദ്രക്ക് എതിരെ അന്വേഷണം നടക്കുന്നുണ്ട്.
എന്നാൽ, കേസുകൾക്ക് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്നാണ് റോബർട്ട് വാദ്രയുടെ വിശദീകരണം.
Read also: കള്ളപ്പണക്കേസ്; ബിനീഷിന്റെ കസ്‌റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി








































