ന്യൂഡെൽഹി: ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ല, മറിച്ച് തിരഞ്ഞെടുക്കപ്പെടുന്ന സ്വേച്ഛാധിപത്യ രാജ്യമാണെന്ന് സ്വീഡൻ ആസ്‌ഥാനമായുള്ള ഒരു ഗവേഷണ സ്‌ഥാപനത്തിന്റെ റിപ്പോർട്. രാജ്യത്തെ ജനാധിപത്യപരമായ സ്വാതന്ത്ര്യത്തിന് ഇടിവ് സംഭവിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗോഥെൻബർഗ് സർവകലാശാല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്‌ഥാപനമായ വി-ഡെം ഇൻസ്‌റ്റിറ്റ്യൂട്ടിന്റേതാണ് പഠനം. ഇവർ 2017 മുതൽ ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു വരികയാണ്. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ, ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ ആ പദവി നഷ്‌ടമാവുന്നതിന്റെ വക്കിലാണെന്ന് നിരീക്ഷിച്ചിരുന്നു.
അതേസമയം 2020ലെ ഡാറ്റയെ അടിസ്‌ഥാനമാക്കിയാണ് ഈ വർഷത്തെ റിപ്പോർട്. ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറുകയാണെന്ന് റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
ഇവരുടെ റിപ്പോർട് അനുസരിച്ച് സ്വേച്ഛാധിപത്യത്തിന്റെ മൂന്നാം തരംഗം അലയടിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ലോകജനസംഖ്യയുടെ 68% ഉം ഇപ്പോൾ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലാണെന്നാണ് വി-ഡെമിന്റെ കണ്ടെത്തൽ. ഈ വർഷത്തെ റിപ്പോർട്ടിന്റെ തലക്കെട്ട് തന്നെ ‘വൈറലാകുന്ന സ്വേച്ഛാധിപത്യം’ എന്നാണ്.
‘ഡെമോക്രസി ബ്രോക്കൺ ഡൗൺ: ഇന്ത്യ’ എന്ന തലക്കെട്ടിൽ ഇന്ത്യയെ സംബന്ധിച്ച ഒരു അധ്യായവും റിപ്പോർട്ടിലുണ്ട്. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തിരഞ്ഞെടുപ്പ് നടക്കുന്ന സ്വേച്ഛാധിപത്യമായി മാറിയിരിക്കുന്നു’ എന്ന് അധ്യായം പറയുന്നു. ഇന്ത്യയുടെ സ്വേച്ഛാധിപത്യ പ്രക്രിയ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ത്വരിതപ്പെടുകയാണ്. ഇത് ക്രമേണയുള്ള തകർച്ചയാണ്. ആദ്യം മാദ്ധ്യമങ്ങളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യം വെട്ടിക്കുറക്കുകയും പിന്നീട് തീർത്തും ഇല്ലാതാക്കുകയും ചെയ്യുന്നു; റിപ്പോർട്ടിൽ പറയുന്നു.
Read Also: മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു