മോസ്കോ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് ഇന്ത്യയും. റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.
അഫ്ഗാനിലെ താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ന്യൂഡെൽഹി സന്ദർശനത്തിന് മുന്നോടിയായിട്ടാണ് തീരുമാനം. മോസ്കോയിൽ അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലായിരുന്നു രാജ്യങ്ങളുടെ പ്രസ്താവന.
അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാക്കിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.
അഫ്ഗാനിസ്ഥാനിലും സമീപ രാജ്യങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണെന്നും ഇത് പ്രദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നല്ലതല്ലെന്നും ബഗ്രാമിന്റെ പേര് പരാമർശിക്കാതെ പ്രതിനിധികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വാഷിങ്ങ്ടണിന് കൈമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. താലിബാൻ വഴങ്ങിയില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്നും ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, താലിബാൻ ഇത് നിരസിക്കുകയായിരുന്നു. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്








































