കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകാരികൾ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാനായി ചാടിയ ഇന്ത്യൻ തീർഥാടക മരിച്ചു. ഗാസിയാബാദ് സ്വദേശിയായ രാജേഷ് ഗോല (55) ആണ് മരിച്ചത്. ഒപ്പം ചാടിയ ഇവരുടെ ഭർത്താവ് രാംവീർ സിങ് ഗോലക്ക് പരിക്കേറ്റു.
ഈമാസം ഏഴിനാണ് ഇരുവരും നേപ്പാൾ സന്ദർശനത്തിനായി പോയത്. കാഠ്‌മണ്ഡുവിലെ പ്രശസ്‌തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിച്ച ശേഷം ഇവിടുത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ജെൻ സീ പ്രക്ഷോഭകാരികൾ സാമൂഹിക മാദ്ധ്യമ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഒമ്പതാം തീയതിയാണ് ഇവർ താമസിച്ച ഹോട്ടലിന് പ്രക്ഷോഭകാരികൾ തീയിട്ടത്. ഇതോടെ, നാലാം നിലയിൽ താമസിച്ചിരുന്ന രാംവീർ സിങ്ങും രാജേഷ് ഗോലയും രക്ഷപ്പെടാനാകാതെ കുടുങ്ങി. ചാടി രക്ഷപ്പെടുന്നവർക്ക് വേണ്ടി ഹോട്ടൽ മുറ്റത്ത് രക്ഷാപ്രവർത്തകർ കിടക്കകൾ വിരിച്ചിട്ടുണ്ടായിരുന്നു. മറ്റു വഴിയില്ലാതെ ഇരുവരും ജനാലയിലൂടെ ചാടിയെങ്കിലും പരിക്കേൽക്കുകയായിരുന്നു.
ചികിൽസയ്‌ക്കിടെ രാജേഷ് ഗോല മരിച്ച വിവരം ഇവരുടെ മകൻ വിശാലിനെ ബുധനാഴ്‌ച നേപ്പാൾ അധികൃതർ ഫോണിലൂടെ അറിയിക്കുകയായിരുന്നു. പരിക്കേറ്റ പിതാവ് രാംവീർ ഒരു ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണെന്നും വിവരം ലഭിച്ചു. രാജേഷ് ഗോലയുടെ മൃതദേഹം ഗാസിയാബാദ് മാസ്‌റ്റർ കോളനിയിലെ വീട്ടിലേക്ക് ഇന്ന് എത്തിക്കുമെന്നാണ് വിവരം.
Most Read| രാജ്യത്തിന്റെ 15ആംമത് ഉപരാഷ്‌ട്രപതി; സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്‌ഞ ചെയ്‌തു