കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ കടലോരം, പഴയങ്ങാടി ബസ് സ്‌റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ലഹരി വിൽപന വലിയ രീതിയിൽ ഉയർന്നത്.
പ്രധാനമായും വിദ്യാർഥികളെയാണ് ലഹരി വിൽപനക്കായി നിയോഗിച്ചിട്ടുള്ളതെന്ന് പോലീസ് വ്യക്‌തമാക്കുന്നു. 18-25 വയസ് വരെ പ്രായമുള്ള ആളുകളാണ് ഈ സംഘങ്ങളിൽ ഉള്ളത്. കൂടാതെ പോലീസിന്റെയും എക്‌സൈസിന്റെയും നീക്കങ്ങൾ മനസിലാക്കാനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുള്ളതിനാൽ ഇവരെ പിടികൂടുന്നതിന് മുൻപ് തന്നെ കടന്നു കളയുന്നതും സ്‌ഥിരമാണ്.
എരിപുരം ക്ഷേത്രക്കുളത്തിന് സമീപത്ത് വച്ച് കഴിഞ്ഞ ദിവസം നടന്ന ലഹരി വിൽപന പോലീസ് പിടികൂടാനായി എത്തിയപ്പോഴേക്കും സംഘം കടന്നു കളഞ്ഞിരുന്നു. നിലവിൽ ലഹരി വിൽപനക്ക് അറസ്‌റ്റിലായ ആളുകൾ തന്നെയാണ് പുതിയ ആളുകളെ ഇറക്കി വിൽപന നടത്തുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. ലഹരി വിൽപന പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ പഴയങ്ങാടി മേഖലയിൽ പരിശോധന ശക്‌തമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Read also : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഇന്ന്




































