കൊടുങ്ങല്ലൂർ: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ഇന്ന് മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. അഴീക്കോട്, മുനമ്പം ജെട്ടികളിൽ ജങ്കാറിനെ കരയോട് അടുപ്പിച്ചു നിർത്തിയിരുന്ന ഊന്നു കുറ്റികൾ പുഴയിൽ വീണതിനെ തുടർന്നാണ് കരാറുകാരൻ സർവീസ് നിർത്തിവെച്ചത്.
പിന്നീട് 47 ലക്ഷം രൂപ ചിലവഴിച്ച് ഊന്നുകുറ്റികളുടെ നിർമ്മാണം പൂർത്തിയാക്കി. എന്നാൽ അപ്പോഴേക്കും പുഴയിൽ നിർത്തിയിട്ടിരുന്ന ജങ്കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കൊച്ചി കപ്പൽ നിർമ്മാണ ശാലയിലേക്ക് കൊണ്ടു പോയി. അറ്റകുറ്റപ്പണി പൂർത്തിയായ ജങ്കാർ മുനമ്പത്ത് എത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 5.15-ന് മുനമ്പത്തു നിന്ന് അഴീക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് രാത്രി 8.40 വരെ ഓരോ 15 മിനിറ്റിലും സർവീസ് ഉണ്ടായിരിക്കും. ഒരാൾക്ക് അഞ്ച് രൂപയും സ്കൂട്ടർ, ബൈക്കുകൾ എന്നിവക്ക് 10 രൂപയും, ചെറിയതരം കാറുകൾക്ക് 40 രൂപയും വലിയ കാറുകൾക്ക് 50 രൂപയും മൂന്ന് ചക്രവാഹനങ്ങൾക്ക് 25 രൂപയുമാണ് നിരക്ക്. ജങ്കാർ സർവീസ് പുനരാരംഭിച്ചത് തീരദേശവാസികൾക്ക് ഏറെ ആശ്വാസമാകുകയാണ്.
Malabar News: താമരശ്ശേരി ചുരത്തിൽ തുടർക്കഥയായി ഗതാഗത കുരുക്കും അപകടങ്ങളും








































