വീണ്ടും വ്യത്യസ്ത കഥാപാത്രവുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിൽ പ്രായം ചെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ഇനിയെത്തുന്നത് അൽഷിമേഴ്സ് രോഗിയായ 75കാരനായാണ്. നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജില്ലം പെപ്പരെ’ എന്ന ചിത്രത്തിലാണ് ജോജു വ്യത്യസ്ത കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
ഒരു ചെണ്ടക്കാരന്റെ രണ്ട് ജീവിതകാലഘട്ടങ്ങൾ സംസാരിക്കുന്ന ചിത്രത്തിൽ 30-35 വയസുള്ള കഥാപാത്രമായും, 70-75 വയസുള്ള അൽഷിമേഴ്സ് ബാധിച്ച കഥാപാത്രമായും ജോജു എത്തുന്നുണ്ട്. ജോജുവിന്റെ അഭിനയ ജീവിതത്തിലെ ഒരു മികച്ച കഥാപാത്രം തന്നെയായിരിക്കും ഇതെന്ന് സംവിധായകനായ ജോഷ് വ്യക്തമാക്കിയിട്ടുണ്ട്. തൻമാത്ര എന്ന ചിത്രത്തിൽ അൽഷിമേഴ്സ് രോഗിയായി മോഹൻലാൽ അഭിനയിച്ചു വിസ്മയിപ്പിച്ചത് കണ്ട പ്രേക്ഷകർക്ക് മുന്നിലേക്ക് തികച്ചും വ്യത്യസ്തമായി തന്നെയാണ് ജോജു ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ രവിയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന് മൂൺ ഷോട് എന്റര്‍ടെയ്ൻമെന്റ്സ് ആൻഡ് എംആര്‍ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ജില്ലം പെപ്പരെ നിര്‍മ്മിക്കുന്നത്. അർജുൻ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ രോഹിത് വിഎസ് വാരിയത് എഡിറ്റിംഗും, മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനവും നിർവഹിക്കുന്നു. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന ജോഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജില്ലം പെപ്പരെ.
Read also : ‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്സി






































