കോഴിക്കോട്: യുഡിഎഫിൽ നിന്ന് കൂടുതൽ പാർട്ടികൾ വിട്ടുപോകുന്നത് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി കേരളാ കോൺഗ്രസ് മുന്നണി വിട്ടതിൽ എല്ലാവരും വിട്ടുവീഴ്‌ച നടത്തേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
‘ജോസ് കെ മാണി കാണിച്ചത് അബദ്ധമാണ്. ഇരുഭാഗത്തും വിട്ടുവീഴ്‌ച വേണമായിരുന്നു. കേവലം ആറ് മാസത്തെ കാലാവധി മാത്രമുള്ള ജില്ലാ പഞ്ചായത്തിന് വേണ്ടി 38 വർഷത്തെ കോൺഗ്രസ് മുന്നണി ബന്ധം ഉപേക്ഷിച്ചത് ശരിയല്ല’- മുരളീധരൻ പറയുന്നു. കെ.കരുണാകരന്റെ കാലത്ത് ആരും മുന്നണി വിട്ടു പോയിട്ടില്ല. പിളർന്ന കേരളാ കോൺഗ്രസിനെ അദ്ദേഹം കൂടെ നിർത്തിയിട്ടേ ഉള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പി വീരേന്ദ്രകുമാർ, കെ.എം മാണി, ആർ.ബാലകൃഷ്‌ണപിള്ള എന്നിവരടങ്ങിയ ശക്‌തമായ മുന്നണിയായിരുന്നു യുഡിഎഫ്. ഇവരിൽ ചിലർ ഇപ്പോഴില്ലെങ്കിലും അവരുടെ പിൻമുറക്കാർ എൽഡിഎഫിനൊപ്പം ചേർന്നിരിക്കുകയാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
എൽഡിഎഫ് അധികാരം നിലനിർത്താൻ എന്ത് വൃത്തികെട്ട കളി വേണമെങ്കിലും കളിക്കുമെന്ന് മുരളീധരൻ തുറന്നടിച്ചു. കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ പോലും എൽഡിഎഫ് അനുവദിച്ചിരുന്നില്ല എന്നും മുരളീധരൻ പറഞ്ഞു. ജോസ് കെ മാണിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അതിനുള്ള അധികാരം ആരും തനിക്ക് തന്നിട്ടില്ല. എങ്കിലും കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് പോയവരെയൊക്കെ തിരികേ കൊണ്ടുവരാനുള്ള ശ്രമം എല്ലാവരും നടത്തണം. അതേസമയം, എൻസിപിക്ക് യുഡിഎഫിലേക്ക് വരാൻ തടസം ഒന്നുമില്ലെന്നും മുരളീധരൻ വ്യക്‌തമാക്കി. എൻസിപിയിലെ പലരും ഇടതുമുന്നണിയുമായി ഒത്തുപോകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അവരെ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരൻ എംപി പറഞ്ഞു.