തിരുവനന്തപുരം: കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതായി വ്യോമയാന വിദഗ്ദ്ധര്‍. ലാൻഡിംഗ് ശ്രമം പാളിയതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായാണ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വിദഗ്ദ്ധര്‍
അറിയിച്ചു.
വിമാനത്തിന്റെ ത്രസ്റ്റ് ലിവർ ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലിവർ ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിൽ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന വിമാനത്തിന്റെ ലിവർ ലാൻഡിംഗ് പൊസിഷനിൽ തന്നെയാണ്. റൺവേയിൽ ഏറെ ദൂരം മുന്നോട്ട് പോയി നിലം തൊട്ടതുകൊണ്ട് വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനാവാതെ വന്നു, വീണ്ടും പറന്നുയരാൻ ശ്രമിക്കുമ്പോൾ ആ ശ്രമം പരാജയപ്പെടുകയും ചെയ്തിരിക്കാമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
ടേക്ക് ഓഫ് സമയത്ത് ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണുണ്ടാവേണ്ടത്. എന്നാൽ അവ 40 ഡിഗ്രിയിലായിരുന്നുവെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ലാൻഡിംഗ് സമയത്ത് മാത്രം നടത്തുന്ന ക്രമീകരണമാണിതെന്നും വിദഗ്ദ്ധര്‍ ചൂണ്ടികാണിച്ചു.
തീപിടുത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന ആദ്യനിഗമനങ്ങൾ ശരിയെല്ലെന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന. വിമാനം താഴെ വീണപ്പോൾ എൻജിന്റെ പ്രവർത്തനം നിലച്ചതാകാമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.
അപകടത്തിന്റെ ആഘാതത്തിലോ പൈലറ്റുമാരെ കോക്പിറ്റിൽ നിന്നും രക്ഷിക്കുന്നതിനിടയിലോ ലിവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന സംശയത്തിന് അങ്ങനെ സംഭവിക്കില്ല എന്നാണു വിദഗ്ദ്ധരുടെ വിശദീകരണം.
അതേസമയം, ‘അശ്രദ്ധമായ പ്രവർത്തി’ മൂലമാണ് വിമാനാപകടം നടന്നതെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂർ പോലീസ് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.