എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്കൂളിന് സമ്മാനിച്ചത് ഇരട്ടി മധുരമല്ല, ഇരട്ട മധുരമാണ്. ഒന്നും രണ്ടുമല്ല ഒന്നിച്ച് ജനിച്ച 13 ജോഡികളാണ് വിജയം ഒരുമിച്ച് ആഘോഷിച്ചത്. കോഴിക്കോട് കൊടിയത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പരീക്ഷയെഴുതി മിന്നും വിജയം നേടിയത് 13 ജോഡി ഇരട്ട സഹോദരങ്ങളാണ്.
ചിലർ ഒപ്പമിരുന്ന് പഠിച്ചു, ഒരേ വിഷയം ഇഷ്ടപ്പെട്ടു, ഭാവിയിലും ഒരേ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പത്താം ക്ളാസ് പരീക്ഷയെഴുതിയ സ്കൂളുകളിൽ ഒന്നാണ് പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ. ഇത്രയധികം ഇരട്ടകൾ ഒപ്പം പരീക്ഷ എഴുതുന്നതും ആദ്യം.
പരസ്പരം നന്നായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നവരാണ് ഈ ഇരട്ടക്കുട്ടികളെന്ന് പ്രധാനാധ്യാപകർ പറയുന്നു. പഠിച്ചതും പരീക്ഷയെഴുതിയതും ഒരുമിച്ചാണെങ്കിലും മാർക്കിലെ ഏറ്റക്കുറച്ചിലുകളൊന്നും ഇവർക്കൊരു പ്രശ്നമേയല്ല. ഇവരിൽ ചിലർ മികച്ച മാർക്ക് നേടിയിട്ടുണ്ട്.
ഓമശ്ശേരി സ്വദേശികളായ ഫഹദ് ബഷീർ- റീഹാ ഫാത്തിമ, അബിയ ഫാത്തിമ- അഫിയ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ ഹാനി റഹ്മാൻ- ഹാദി റഹ്മാൻ, വാലില്ലാപ്പുഴ സ്വദേശികളായ മുഹമ്മദ് അജ്ഹദ്- മുഹമ്മദ് അജ്വദ്, കൊടിയത്തൂർ സ്വദേശികളായ അമൽ-അർച്ചന, അഫ്ന-ഷിഫ്ന, എരഞ്ഞിമാവ് സ്വദേശികളായ ഹയ ഫാത്തിമ- ഹന ഫാത്തിമ, മുക്കം സ്വദേശികളായ ഫാത്തിമ ലിയ- ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ കൃഷ്ണേന്ദു- കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ സൻഹ- മിൻഹ, മാവൂർ സ്വദേശികളായ ഫാത്തിമ ദിയ-ആയിഷ ദിയ, ഗോതമ്പ് റോഡ് സ്വദേശികളായ റിഹാൻ- റിഷാൻ എന്നിവരാണ് ഇരട്ട സഹോദരങ്ങൾ.
Most Read| ഗുരുതര പാർശ്വഫലങ്ങളെന്ന് റിപ്പോർട്; കൊവിഡ് വാക്സിൻ പിൻവലിച്ച് അസ്ട്രോസെനക







































