കൊച്ചി: കേരളത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്‌ത ‘ഫ്യൂച്ചർ കേരള മിഷൻ’ കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025′ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വിഭാവന ചെയ്‌തതാണ് ഫ്യൂച്ചര്‍ കേരള മിഷന്‍ പദ്ധതി.
ലോകോത്തര നിലവാരമുള്ള വ്യാവസായികാധിഷ്‌ഠിത വിദ്യാഭ്യാസം, വിദ്യാർഥികളെ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുക, സംരംഭകത്വം വളർത്തുക, സ്‌ത്രീ ശാക്‌തീകരണം, സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ സൃഷ്‌ടിക്കുക എന്നിവയിലൂടെ കേരളത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ഫ്യൂച്ചര്‍ കേരള മിഷന്റെ ലക്ഷ്യം.
മിഷൻ ചെയർമാനായി മുൻനയതന്ത്ര ഉദ്യോഗസ്‌ഥനും നെതർലൻഡിലെ മുൻ ഇന്ത്യൻ അംബാസിഡറുമായ വേണു രാജമണി ചുമതലയേറ്റു. ഇന്ത്യൻ രാഷ്‌ട്രപത്രിയുടെ പ്രസ് സെക്രട്ടറി, ദുബായിലെ കോൺസൽ ജനറൽ, ചീഫ് സെക്രട്ടറിക്ക് തുല്യമായ പദവിയിൽ ഡെൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള വേണു രാജമണി, ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പ്രിൻസിപ്പൽ അഡ്‌വൈസറായും പ്രവർത്തിക്കും.
വേണു രാജമണിയുടെ ദേശീയവും അന്തർദേശീയവുമായ അനുഭവപരിചയവും വൈദഗ്ധ്യവും ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുമായുള്ള ബന്ധവും യൂണിവേഴ്‌സിറ്റിയുടെ ഭാവി വിദ്യാഭ്യാസ പദ്ധതികൾക്കും ഫ്യൂച്ചർ കേരള മിഷനും ഏറെ ഗുണകരമാകുമെന്ന് ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡയറക്‌ടറും ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു. മിഷൻ ചെയർമാനായി അദ്ദേഹം ചുമതലയേൽക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ടോം ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിന്റെ സുസ്‌ഥിര വളർച്ച ലക്ഷ്യമാക്കി ജെയിൻ യൂണിവേഴ്‌സിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വേണു രാജാമണി അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണത്തോടെ വിഭാവന ചെയ്‌ത ഫ്യൂച്ചർ കേരള മിഷൻ യാഥാർഥ്യമാക്കുന്നതിലും ലക്ഷ്യം കൈവരിക്കുന്നതിലും യൂണിവേഴ്‌സിറ്റിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വേണു രാജമണി പറഞ്ഞു.
കേരളത്തിന്റെ സാധ്യതകൾ അനന്തമാണെന്നും ഭാവിതലമുറയെ ലക്ഷ്യമാക്കി സമഗ്ര മേഖലയിലും കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയാൽ കേരളത്തിനും സംസ്‌ഥാനത്തെ യുവാക്കൾക്കും ലോകോത്തര നിലവാരം കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
30വർഷത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികൾ അടക്കം 80ലേറെ സ്‌ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിൾ പ്ളസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഒന്നാണ് ജെയിൻ യൂണിവേഴ്‌സിറ്റി.
നേരത്തെ, ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായി 350 കോടിയുടെ പ്രാഥമിക നിക്ഷേപത്തിൽ കോഴിക്കോട് ജെയിൻ ഗ്ളോബൽ യൂണിവേഴ്‌സിറ്റി എന്ന പേരിൽ പുതിയ സ്വകാര്യ സർവകലാശാല സ്‌ഥാപിക്കുമെന്ന് ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്‌റ്റിറ്റ്യൂഷൻസ് പ്രഖ്യാപിച്ചിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!