കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ (21) ആണ് മരിച്ചത്.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് ആൺസുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കോഴക്കോട്ടെ ജിമ്മിൽ ട്രെയിനറാണ് ബഷീറുദ്ദീൻ. ഇയാൾ യുവതിയെ ബ്ളാക്ക് മെയിൽ ചെയ്‌തതായും മർദ്ദിച്ചതായും ബന്ധുക്കൾ ആരോപിച്ചു.
ആയിഷയുടെ മരണം ആത്‍മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബഷീറുദ്ദീനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീൻ ആണ് ആയിഷയെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം ഭാര്യയാണെന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. ആശുപത്രി അധികൃതരാണ് വിവരം നടക്കാവ് പോലീസിനെ അറിയിച്ചത്. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളൂ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ