കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്‌ദുൽ റഹ്‌മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്‌റ്റിന് സമീപത്തെ ടി. അബ്‌ദുൽ നാസർ എന്നിവരെയാണ് കുമ്പള പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്‌ച രാത്രി നടത്തിയ സമരത്തിനിടെയായിരുന്നു പ്രതിഷേധക്കാർ ടോൾ പ്ളാസ അടിച്ചുതകർത്തത്. സിസിടിവിയും ഗെയ്റ്റുകളും സ്‌കാനറുകളും ഉൾപ്പടെയാണ് തകർത്തത്. അക്രമത്തിൽ പത്തുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് ദേശീയപാത അതോറിറ്റി പോലീസിനെ അറിയിച്ചത്.
പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ഞൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ടോൾ പ്ളാസ തകർത്തതിന് 25ഓളം പേർക്കെതിരെയും കേസെടുത്തു. ബാക്കി പ്രതികളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പോലീസ് അറിയത്തക്ക. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയുകയാണ്.
ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകൾക്കിടയിൽ 60 കിലോമീറ്റർ ദൂരം എന്ന നിർദ്ദേശം ലംഘിക്കുന്ന നിലയിലാണ് ഈ ടോൾ പ്ളാസ പ്രവർത്തനം ആരംഭിക്കുന്നതെന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ആരിക്കാടി ടോൾ പ്ളാസയും നിലവിലുള്ള തലപ്പാടി ടോൾ പ്ളാസയും തമ്മിൽ അകലം 22 കിലോമീറ്റർ മാത്രമാണുള്ളത്.
ആരിക്കാടിയിൽ ടോൾ പ്ളാസ നിർമിക്കുന്നതിനെതിരെ സമരസമിതി നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ധൃതിപിടിച്ച് ടോൾ പിരിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ നയത്തിനെതിരെയാണ് സമരം. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പോലീസ് കേസെടുത്തത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































