കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലക്ക് കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ 16 കോടിയോളം രൂപയാണ് സർവകലാശാല കൂടുതൽ നൽകേണ്ടത്. തുക ഈടാക്കാനായി കണ്ണൂർ കളക്‌ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ജപ്‌തി ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് തലശ്ശേരി സബ് കോടതി.
സർവകലാശാല ആസ്‌ഥാനത്തിനായി 2009ൽ കണ്ണൂർ നഗരത്തിലെ താവക്കരയിൽ 13.74 ഏക്കർ ഭൂമി തലശേരി ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാരുടെ അനുമതിയോടെ ഏറ്റെടുക്കുകയായിരുന്നു. ഇതിൽ കുറച്ചു ഭാഗം മാത്രമേ കരഭൂമിയുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം വെള്ളക്കെട്ടുനിറഞ്ഞ ചതുപ്പ് നിലമായിരുന്നു. കരഭൂമിക്ക് 36,000 രൂപയും വെള്ളക്കെട്ടിന് 18,000 രൂപയുമാണ് സെന്റിന് നിശ്‌ചയിച്ചത്.
ഭൂമിയുടെ ഉടമകൾ കൂടുതൽ നഷ്‌ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. തലശ്ശേരി സബ്‌കോടതി തുക കരഭൂമിക്ക് 65,000 രൂപയും ബാക്കി ഭൂമിക്ക് 36,000 രൂപയുമായി ഉയർത്തി. അപ്പീലിൽ ഹൈക്കോടതി യഥാക്രമം 1.04 ലക്ഷം രൂപയും 55,000 രൂപയുമായി വീണ്ടും വർധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിഷയത്തിലെ യാഥാർഥ്യം കണ്ടെത്താനാണ് സർവകലാശാല ഇപ്പോൾ വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുന്നത്.
Read Also: വാളയാര്‍ കേസ്; പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും