മലപ്പുറം: ജില്ലയിൽ വൻ കഞ്ചാവുവേട്ട. ട്രെയിൻ മാർഗം കടത്തിയ 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിങ് എന്നിവരാണ് പിടിയിലായത്. ട്രെയിൻ മാർഗം ഇതര സംസ്‌ഥാന തൊഴിലാളികൾ മുഖേന കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
നേരത്തെ വിലപറഞ്ഞ് ഉറപ്പിച്ച ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതി. വിവിധ ഭാഷാ തൊഴിലാളികൾ ഉൾപ്പടെയുള്ള വൻ കഞ്ചാവ് മാഫിയാസംഘം ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ബീഹാർ, ഒഡിഷ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന ഇതര സംസ്‌ഥാന തൊഴിലാളികൾ കമ്മീഷൻ വ്യവസ്‌ഥയിൽ വിലപറഞ്ഞ് ഉറപ്പിച്ചാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.
ബാഗുകളിലും മറ്റും ഒളിപ്പിച്ച് ഇവരുടെ വാടക ക്വാർട്ടേഴ്‌സിലെ രഹസ്യ കേന്ദ്രങ്ങളിലേക്കാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോഗ്രാമിന് 30,000 മുതൽ 35,000 രൂപവരെ വിലയിട്ട് ഇവ ആവശ്യക്കാർക്ക് നൽകും. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായാതെന്ന് പോലീസ് പറഞ്ഞു.
Most Read: അടുത്ത 3 ദിവസം സംസ്‌ഥാനത്ത് മഴ ദുർബലമാകും; കാലാവസ്‌ഥാ കേന്ദ്രം







































