ന്യൂ ഡെൽഹി: ലിബിയയിൽ കഴിഞ്ഞ മാസം ഭീകരർ തട്ടി കൊണ്ട് പോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ട് പോയത്. സെപ്റ്റംബർ 14 നായിരുന്നു സംഭവം. ആന്ധ്രാ പ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേരെയാണ് തട്ടിക്കൊണ്ട് പോയത്.
Also Read: ഭീമാ കൊറേഗാവ്; മനുഷ്യാവകാശ പ്രവര്ത്തകന് അറസ്റ്റില്‍
തട്ടിക്കൊണ്ട് പോകപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇവരെ രക്ഷപെടുത്തുന്നതിനായി ലിബിയൻ അധികാരികളും തൊഴിൽ ഉടമകളുമായി കൂടിയാലോചിച്ച് ശ്രമങ്ങൾ നടത്തി വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, തട്ടിക്കൊണ്ട് പോയവരെ തൊഴിൽ ഉടമ ബന്ധപ്പെട്ടു എന്നും അവർ സുരക്ഷിതരാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ അയച്ച് നൽകിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീ വാസ്തവ അറിയിച്ചു.
2015 മുതൽ ലിബിയയിലേക്ക് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നതാണ്. 2016 ൽ അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തിരുന്നു. വിലക്ക് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും തട്ടിക്കൊണ്ട് പോയവരെ സുരക്ഷിതരായി മോചിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.





































