മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാലിക്കി’ന്റെ ട്രെയ്‌ലര്‍ പുറത്ത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്, ജോജു ജോർജ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ‘ടേക്ക് ഓഫി’ന്റെയും ‘സീയു സൂണി’ന്റെയും വിജയത്തിന് പിന്നാലെ എത്തുന്ന മഹേഷ് നാരായണൻ ചിത്രമാണ് ‘മാലിക്’.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്. പതിവുപോലെ ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രെയ്‌ലറിലുടനീളം ഫഹദ് കാഴ്‌ചവെക്കുന്നത്. ഒപ്പം നിമിഷയും ദിലീഷ് പോത്തനും വിനയ് ഫോർട്ടും ജോജുവും ഇന്ദ്രൻസുമെല്ലാം ആരാധകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നു.
നേരത്തെ തന്നെ സിനിമയില്‍ വ്യത്യസ്‌ത മേക്കോവറില്‍ എത്തുന്ന നിമിഷ സജയന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഫഹദിന്റെ ചിത്രങ്ങൾക്കും മികച്ച സ്വീകരണമാണ് ലഭിച്ചിരുന്നത്.
സുഷിൻ ശ്യാമാണ് ‘മാലിക്കി’നായി ഈണം പകർന്നത്. ‘ബാഹുബലി’ സ്‌റ്റണ്ട് ഡയറക്‌ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നതെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നേരത്തെ റിലീസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് വൈകിയത്.
Read Also: ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി