കോഴിക്കോട്: മുക്കത്ത് അരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്‌റ്റിൽ. കൊണ്ടോട്ടികാക്ക എന്നറിയപ്പെടുന്ന അരീക്കോട് മൂർക്കനാട് സ്വദേശി ചെമ്പൻതൊടിക മുഹമ്മദാലിയെയാണ് (64) ഇന്ന് രാവിലെ മുക്കം പോലീസ് പിടികൂടിയത്. ഇയാൾ കുറച്ചു നാളുകളായി വൻതോതിൽ കഞ്ചാവ് ശേഖരിച്ച് മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, ഓമശേരി തുടങ്ങിയ ഭാഗങ്ങളിൽ വിൽപന നടത്തി വരികയായിരുന്നു.
മുക്കം ഇൻസ്‌പെക്‌ടർ കെപി അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മുക്കം പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് വേന്റ് പൈപ്പ് പാലത്തിന് സമീപത്തു വെച്ച് ഇയാൾ പിടിയിലായത്. മൂന്ന് വർഷം മുൻപ് ഇയാളെ കഞ്ചാവുമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വെച്ചും പോലീസ് പിടികൂടിയിരുന്നു. പ്രതിയെ കുറച്ചുനാളുകളായി താമരശ്ശേരി ഡിവൈഎസ്‌പിയുടെ നിർദ്ദേശ പ്രകാരം ഓപ്പറേഷൻ ഗഞ്ച ഹണ്ടിന്റെ ഭാഗമായി നിരീക്ഷിച്ചു വരികയായിരുന്നു.
ഓണം പ്രമാണിച്ച് ലഹരി വസ്‌തുക്കളുടെ ഒഴുക്ക് തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപികരിച്ച് നടത്തുന്ന പരിശോധനകൾ ജില്ലയിൽ കർശനമായി തുടരുമെന്ന് പോലീസ് വിഭാഗം അറിയിച്ചു. എസ്‌ഐ മജീദ് എഎ സലിം സീനിയർ സിവിൽ പോലീസ് ഓഫീസറായ ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ശ്രീകാന്ത്, ഹോംഗാർഡ് ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൂടിയത്.
Read Also: വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും മെഗാ വാക്‌സിനേഷൻ ഡ്രൈവ്