ജേക്കബ് ഗ്രിഗറി നായകനായി വേഫയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ ‘ തിരുവോണനാളിൽ പ്രേക്ഷകരിലേക്കെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
നവാഗതനായ ഷംസു സായ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിക്ക് പുറമേ വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, അനുപമ പരമേശ്വരൻ, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. യുവതാരം സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
സജാദ് കക്കു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ശ്രീഹരി.കെ.നായർ ആണ്. കഥ മഗേഷ് ബോജിയും തിരക്കഥ വിനീത് കൃഷ്ണനുമാണ് രചിച്ചത്.
മലയാളത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് റിലീസിങ് നടത്തുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. കഴിഞ്ഞ മാസം ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും ‘ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരുന്നു. നായകനായ ജേക്കബ് ഗ്രിഗറി ദുൽഖറിനൊപ്പം ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയായിരുന്നു.







































