കണ്ണൂർ: മമ്പറത്ത് യുഡിഎഫ് സ്ഥാനാർഥിയെയും ഏജന്റിനെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വേങ്ങാട് പഞ്ചായത്തിലെ 16ആം വാർഡിൽ മൽസരിച്ച യുഡിഎഫ് സ്ഥാനാർഥി ഷീന ടിഎസ്, പോളിങ് ഏജന്റ് നരേന്ദ്രബാബു എന്നിവരെയാണ് മർദ്ദിച്ചത്.
സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. നരേന്ദ്രബാബു പൊതുസേവന കേന്ദ്രം നടത്തുന്നുണ്ട്. സ്ഥാനാർഥിയും അവിടെ വന്നിരുന്നു. ആ സമയത്താണ് അക്രമി സംഘം മുഖംമൂടി ധരിച്ചെത്തിയത്. സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട സംഘം, നരേന്ദ്ര ബാബുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
റോഡിലേക്ക് വലിച്ചിഴച്ചും മർദ്ദിച്ചു. കടയിലെ കമ്പ്യൂട്ടറുകളും നശിപ്പിച്ചു. തടയാൻ ചെന്ന സ്ഥാനാർഥി ഷീനയെയും ഇവർ മർദ്ദിച്ചെന്നാണ് കോൺഗ്രസ് പറയുന്നത്. ജീവനക്കാരി ഉൾപ്പടെ രണ്ട് സ്ത്രീകൾ സ്ഥാപനത്തിനകത്ത് ഉണ്ടായിരുന്നു. ഇവർ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് അക്രമി സംഘം പോയത്. പിണറായി പോലീസിൽ കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ





































