മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ 5000ത്തിന് മുകളിൽ ലീഡ് ഉയർത്തിയാണ് യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം. പോസ്‌റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ലീഡ് പിടിച്ച ഷൗക്കത്ത്, ഏഴാം റൗണ്ടിലും ലീഡ് കൈവിടാതെ മുന്നേറുകയാണ്.
അതേസമയം, യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് വഴിക്കടവിൽ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്. സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവറും ആദ്യ റൗണ്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്.
വഴിക്കടവ് പഞ്ചായത്തിൽ ഏകദേശം മൂവായിരം വോട്ടുകളുടെ ലീഡാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അൻവറിന്റെ സാന്നിധ്യം വോട്ടുകളിൽ നേരിയ കുറവുണ്ടാക്കി. മൂന്ന് റൗണ്ടുകൾ കഴിയുമ്പോൾ 4119 വോട്ടുകളാണ് അൻവർ നേടിയത്. അതേസമയം, മുസ്‌ലിം ലീഗിന്റെ ശക്‌തി കേന്ദ്രമായ മൂത്തേടത്ത് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു. എടക്കര പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്.
പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെല്ലാം ആയിരം വോട്ടുകൾക്ക് മുകളിലാണ് ലീഡ് പ്രതീക്ഷിക്കുന്നത്. നിലമ്പൂർ നഗരസഭയിൽ കുറഞ്ഞത് ആയിരം വോട്ടിന്റെ ലീഡാണ് യുഡിഎഫ് അവകാശപ്പെടുന്നത്. നഗരസഭയ്‌ക്കെതിരെ നിലനിൽക്കുന്ന പ്രതിഷേധവും കൂടെ അനുകൂലമായി വന്നാൽ രണ്ടായിരം വരെ ലീഡിലേക്ക് നയിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!