പാലക്കാട്: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂർ എഎൽപി സ്കൂൾ അധ്യാപകർ. സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ ഓഫിസ് അധ്യാപകരുടെ ശമ്പളം തടഞ്ഞു വെച്ചത്. ഇതോടെ ആറുമാസത്തിലേറെയായി ശമ്പളം ലഭിക്കാതെ അധ്യാപകർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. അതേസമയം, സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ മാനേജമെന്റിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധ്യാപകർ ആരോപിക്കുന്നു. വെള്ളായക്കടവത്ത് കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ. മാനേജരായ പ്രമോദ് ഒരു വർഷം മുൻപ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് സ്കൂളിന്റെ ചുമതല ഏറ്റെടുക്കാൻ കുടുംബത്തിൽ നിന്ന് ആരും മുന്നോട്ട് വന്നില്ലെന്നും അധ്യാപകർ പറഞ്ഞു.
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ശ്രദ്ധയില്ലാതായതോടെ ഈ അധ്യയന വർഷത്തിലും പഞ്ചായത്തിൽ നിന്ന് കെട്ടിടത്തിനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. മാനേജർ പ്രമോദ് സ്കൂളിന് സർട്ടിഫിക്കറ്റ് വാങ്ങിത്തരാതെ രാജിവെച്ച് പോവുകയാണ് ചെയ്തതെന്നും അധ്യാപകർ പറഞ്ഞു. വിളയൂർ പഞ്ചായത്തിലെ ആദ്യ എൽപി സ്കൂളാണിത്. 113 വർഷം പഴക്കമുണ്ട്. നിലവിൽ 340 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
Read Also: പൊള്ളാച്ചി-പോത്തനൂർ റെയിൽ പാത; സുരക്ഷാ പരിശോധന നാളെ



































