കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം. രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ടോൾ പ്ളാസ ഉപരോധിച്ച പ്രവർത്തകർ റോഡിൽ കുത്തിയിരുന്നതോടെ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികളെ ടോളിൽ നിന്ന് ഒഴിവാക്കുക, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, സർവീസ് റോഡിൽ കാൽനട യാത്രക്കാർക്കുള്ള സൗകര്യം ഏർപ്പെടുത്തുക, സർവീസ് റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ടോൾ പ്ളാസയിലെ ഗേറ്റ് നമ്പർ ഒന്നിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സമരക്കാരെ പോലീസ് വലയം തീർത്തതോടെ മറ്റു ഗേറ്റുകളിലൂടെ വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ കലക്‌ടർ കൂടിക്കാഴ്‌ചയ്‌ക്ക് വിളിച്ച പശ്‌ചാത്തലത്തിൽ പ്രവർത്തകർ പിരിഞ്ഞുപോയി. കലക്‌ടറുമായുള്ള ചർച്ചക്ക് ശേഷം തുടർസമരപരിപാടികൾ തീരുമാനിക്കുമെന്ന് കെ. പ്രവീൺകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2021 ഓഗസ്‌റ്റ് 15നാണ് ദേശീയപാത 66ൽ 28.4 കിലോമീറ്റർ വരുന്ന വെങ്ങളം- രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിന് 63 കോടിയിലധികം രൂപ എന്ന സംസ്‌ഥാനത്തെ ദേശീയപാത ബൈപ്പാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































