പാലക്കാട്: ജില്ലയിൽ ഉത്രാട പാച്ചിലിന് പകരം ഓണക്കിറ്റിനായുള്ള പരക്കം പാച്ചിലിൽ ആണ് ആളുകൾ. ഓണകിറ്റുകൾ നൽകി കഴിയാത്തതിനെ തുടർന്ന് ഉത്രാട ദിവസമായ ഇന്നും റേഷൻ കടകളെല്ലാം തുറന്ന് വെച്ചിരിക്കുകയാണ്. അവയിലെല്ലായിടത്തും തന്നെ നീണ്ട വരിയും. നിലവിൽ കിറ്റ് വിതരണത്തിൽ പ്രയാസം വന്നതോടെ ജില്ലയിൽ കാർഡിന്റെ നിറം നോക്കാതെ എല്ലാവർക്കും കിറ്റ് വിതരണം നടത്തുകയാണ്.
ഇതോടെ ജില്ലയിലെ എല്ലാ റേഷൻ കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. മഞ്ഞ കാർഡ് വിഭാഗത്തിനായിരുന്നു തുടക്കത്തിൽ കിറ്റുകൾ വിതരണം ചെയ്തത്. തുടർന്ന് പിങ്ക് കാർഡിനും കൊടുക്കാൻ ആരംഭിച്ചിരുന്നെങ്കിലും കിറ്റിലേക്കുള്ള സാധനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വിതരണത്തെയും ബാധിച്ചു. ഇതോടെ ഇപ്പോൾ കാർഡിന്റെ നിറം നോക്കാതെയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഇന്നത്തോടെ 90 ശതമാനത്തിലധികം പേർക്ക് കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ബാക്കി ഉള്ളവർക്ക് ഓണം കഴിഞ്ഞാവും വിതരണം ചെയ്യുക. അതേസമയം, ജില്ലയിൽ ഇന്നലെവരെ ആകെയുള്ള 7.83 ലക്ഷം കാർഡ് ഉടമകളിൽ 5.75 ലക്ഷം ഗുണഭോക്താക്കൾ കിറ്റുകൾ വാങ്ങിയിട്ടുണ്ട്. 74 ശതമാനം പേർക്കും കിറ്റ് വിതരണം പൂർത്തിയായതായി ജില്ലാ സപ്ളൈ ഓഫിസർ വികെ ശശിധരൻ പറഞ്ഞു.