തിരിച്ചടി ഭയന്ന് വ്യോമഗതാഗതം തടഞ്ഞ് പാക്കിസ്‌ഥാൻ; വാഗ അതിർത്തിയും അടച്ചു

സുരക്ഷാ കാരണങ്ങളാൽ ഗിൽഗിറ്റ്, സ്‌കാർഡു, പാക്ക് അധീന കശ്‌മീരിലെ മറ്റു വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും പാക്കിസ്‌ഥാൻ റദ്ദാക്കി.

By Senior Reporter, Malabar News
BSF _India pak boarder
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരൻമാരെ പോലും സ്വീകരിക്കാതെ വാഗ അതിർത്തി അടച്ച് പാക്കിസ്‌ഥാൻ. പാക്ക് പൗരൻമാർക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ത്യ നീട്ടിനൽകിയെങ്കിലും പാകിസ്‌ഥാൻ വാഗ അതിർത്തി അടച്ചതായും സ്വന്തം പൗരൻമാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നുമാണ് റിപ്പോർട്.

ഇതോടെ ഇന്ത്യയിൽ നിന്ന് മടങ്ങുന്ന ഒട്ടേറെ പാക്ക് പൗരൻമാരാണ് അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നത്. ഏപ്രിൽ 30 മുതൽ അട്ടാരി അതിർത്തി അടയ്‌ക്കുമെന്നും ഇതിനകം പാക്ക് പൗരൻമാർ രാജ്യം വിടണമെന്നുമായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്‌ച സമയപരിധി നീട്ടിനൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാക്കിസ്‌ഥാനികൾക്ക് അട്ടാരി അതിർത്തി വഴി മടങ്ങാമെന്നാണ് കേന്ദ്രം പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്.

അതേസമയം, കറാച്ചിയിലും ലാഹോറിലും പാക്കിസ്‌ഥാൻ വ്യോമഗതാഗതം തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് നടപടിയെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാൽ ഗിൽഗിറ്റ്, സ്‌കാർഡു, പാക്ക് അധീന കശ്‌മീരിലെ മറ്റു വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും പാക്കിസ്‌ഥാൻ റദ്ദാക്കി.

പാക്കിസ്‌ഥാനിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സുരക്ഷ, നിരീക്ഷണ പ്രോട്ടോക്കോളുകൾ വലിയതോതിൽ വർധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര നിർദ്ദേശത്തിന് പിന്നാലെ ആറുദിവസത്തിനുള്ളിൽ അട്ടാരി-വാഗ അതിർത്തിവഴി ഇന്ത്യയിൽ നിന്ന് 786 പാക്ക് പൗരൻമാർ മടങ്ങിയതായാണ് റിപ്പോർട്. പാക് നയതന്ത്ര ഉദ്യോഗസ്‌ഥരായ 55 പേരും ഇതിൽ ഉൾപ്പെടും. അതേസമയം, പാക്കിസ്‌ഥാനിൽ നിന്ന് വാഗാ അതിർത്തിയിലൂടെ 1465 ഇന്ത്യക്കാരും തിരിച്ചെത്തി.

പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന നാല് ഭീകരർ ഇപ്പോഴും തെക്കൻ കശ്‍മീരിൽ ഉണ്ടെന്നാണ് എൻഐഎയ്‌ക്ക് ലഭിച്ച വിവരം. സൈന്യവും പ്രാദേശിക പോലീസും നടത്തുന്ന തിരച്ചിലിനിടെയാണ് ഭീകരർ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരം പുറത്തുവരുന്നത്. ഇടതൂർന്ന വനങ്ങളിലാകാം ഇവർ ഒളിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഭക്ഷണസാധനങ്ങളും മറ്റു അവശ്യ വസ്‌തുക്കളും ഭീകരർ കൈയിൽ കരുതിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭീകരാക്രമണത്തിന്റെ ത്രീഡി മാപ്പിങ് തയ്യാറാക്കാനും എൻഐഎ നീക്കം നടത്തുന്നുണ്ട്. ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്താണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്. ഭീകരരുടെ കൃത്യമായ ദൃശ്യവൽക്കരണം ത്രീഡി മാപ്പിങ്ങിലൂടെ സാധ്യമാകും. സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തിലാണ്‌ മാപ്പിങ് തയ്യാറാക്കുക.

Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE