പാലക്കാട്: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പാലക്കാട്-കോയമ്പത്തൂർ കെഎസ്ആർടിസി സർവീസുകൾ ഈയാഴ്‌ച പുനഃസ്‌ഥാപിച്ചേക്കും. ജനപ്രതിനിധികളുടെ ആവശ്യം മുഖ്യമന്ത്രി രേഖാമൂലം തമിഴ്‌നാട് സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം. അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇളവുകൾ വന്ന സാഹചര്യത്തിൽ സർവീസുകൾ ഈ ആഴ്‌ച തന്നെ പുനഃസ്‌ഥാപിക്കുമെന്നാണ് സൂചന.
തമിഴ്‌നാടും കേരളവും അതിർത്തിയിൽ പരിശോധന കുറച്ചു. ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലും കുറവുണ്ട്. ഈ സാഹചര്യത്തിലാണ് വാളയാറിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന ആവശ്യം ശക്‌തമായത്. രണ്ട് ഡോസ് വാക്‌സിൻ, ആർടിപിസിആർ ഫലം, ഇ പാസ് തുടങ്ങിയ നിബന്ധനകൾ ഇപ്പോഴും പിൻവലിച്ചിട്ടില്ല. ഇത് പിൻവലിക്കുന്നതിനൊപ്പം അതിർത്തി വരെയുള്ള ബസ് സർവീസ് രണ്ട് ജില്ലകളിലേക്കായി പുനഃസ്‌ഥാപിക്കണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ ആശയവിനിമയം നടത്തുമെന്നാണ് സൂചന. നിലവിൽ ഇരു സംസ്‌ഥാനങ്ങളിലെയും ബസുകൾ അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതോടെ ഒരു കിലോമീറ്ററിലധികം നടന്നാണ് വിദ്യാർഥികൾ അടക്കം ബസിൽ കയറുന്നത്. സ്‌കൂൾ തുറന്നതോടെ പലർക്കും യാത്രാ നിയന്ത്രണം കടുത്ത പ്രതിസന്ധിയായിട്ടുണ്ട്.
Most Read: അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് വാസയോഗ്യമല്ലെന്ന് റിപ്പോർട്


































