പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. പരാതികളും വികസന ആവശ്യങ്ങളും പൂർത്തീകരിക്കാത്ത പദ്ധതികളും ജനങ്ങൾക്ക് വാട്സാപ് വഴി അറിയിക്കാം. പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചു പ്രകടന പത്രിക ഇറക്കും. ഇതിന്റെ ഏകോപനത്തിനായി പാർട്ടിയിലെ ഐടി വിദഗ്ധരെയും ഡിസിസി ഭാരവാഹികളെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, വാർഡ് തലത്തിൽ ഓൺലൈനായി കുടുംബ സംഗമങ്ങളും യോഗങ്ങളും നടത്താനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. ഓൺലൈൻ സംവാദങ്ങളും ചർച്ചകളും സംഘടിപ്പിക്കും. ഓൺലൈൻ പ്രചാരണ പരിപാടികളുടെ ഏകോപനത്തിനായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വാർ റൂം ഒരുക്കും. കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ചെറിയ യോഗങ്ങൾ നടത്താനും തീരുമാനമായിട്ടുണ്ട്.