തൃശൂർ: ജില്ലയിലെ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽവെച്ച് മലപ്പുറം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഉത്തരവ്. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മർ, അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ എന്നിവരുൾപ്പടെ എട്ട് ഉദ്യോഗസ്ഥരെയാണ് തിരിച്ചെടുക്കുന്നത്. പല ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റി നിയമിക്കുന്നത്. സർവീസിൽ തിരിച്ചെടുക്കണമെന്ന ഇവരുടെ അപേക്ഷ പരിഗണിച്ചാണ് നടപടി.
2019 ഒക്ടോബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവുമായി പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്തിനെ എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഗുരുവായൂരിൽവെച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം.
എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ അനൂപ് കുമാർ, അബ്ദുൽ ജബ്ബാർ, ബെന്നി, ഉമ്മര്‍, സിവില്‍ ഓഫിസര്‍ നിതിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇതിൽ അബ്ദുൽ ജബ്ബാർ, ഉമ്മർ, മഹേഷ്, സ്മിബിന് എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, വ്യാജരേഖയുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
Most Read: അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്വിജയ സിംഗ്





































