തിരുവനന്തപുരം: മുരുക്കുംപുഴ റെയിൽവെ സ്‌റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് അക്രമി മാല കവര്‍ന്നു. സിഗ്‌നല്‍ നല്‍കാന്‍ നില്‍ക്കുകയായിരുന്ന വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജ കുമാരി(45)യെ ആക്രമിച്ചാണ് രണ്ടു പവന്റെ മാല കവർന്നത്.
ആക്രമണത്തിലും രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയപ്പോഴുമാണ് ജലജകുമാരിക്ക് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്‌ച രാത്രി ആയിരുന്നു സംഭവം. 11.35ന് കടന്നു പോകുന്ന ഗുരുവായൂര്‍ എക്‌സ്‌പ്രസിന് സിഗ്‌നല്‍ നല്‍കാനായി സ്‌റ്റേഷന് മറുവശത്തു നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്.
കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അക്രമി പൊടുന്നനെ ഇവർക്കുമേൽ ചാടി വീഴുകയായിരുന്നു. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്ത് ചാടിയെങ്കിലും പിന്നാലെ എത്തിയ അക്രമി മാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്തപ്പോഴാണ് കൈ മുറിഞ്ഞത്. ട്രാക്കിലേക്ക് ചാടിയപ്പോഴുള്ള വീഴ്‌ചയില്‍ കൈക്ക് പരിക്കേറ്റു. കൂടാതെ തലക്കും മുറിവേറ്റിട്ടുണ്ട്.
തൊട്ടടുത്ത പാളത്തിലൂടെ ഈ സമയം ട്രെയിന്‍ കടന്നു പോയതിനാലാണ് ജീവഹാനി ഒഴിവായത്. ട്രെയിന്‍ പോയ ശേഷം ജലജകുമാരിയുടെ നിലവിളി കേട്ട് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു.
അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്നും പോലീസ് വ്യക്‌തമാക്കി.
Most Read: ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക; പരാതികളിൽ സോണിയക്ക് അതൃപ്‌തി




































