ന്യൂഡൽഹി: റഷ്യ പുറത്തിറക്കിയ കോവിഡ് വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിൽ ലഭ്യമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചില നിർണ്ണായക കാര്യങ്ങളിൽ തീരുമാനമായതായി ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.
മോസ്‌കോയിലെ ഇന്ത്യൻ എംബസി വാക്‌സിന്റെ സുരക്ഷ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജിയുമായി ബന്ധപ്പെട്ടു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഗാമലേയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിൻ വികസിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ റഷ്യൻ അംബാസിഡറായ നികോളായ് കുദഷെവ് ഇന്ത്യയിലെ സർക്കാർ നിയന്ത്രിത ഗവേഷണ സ്ഥാപനമായ ഡിപ്പാർട്മെന്റ് ഓഫ് ബയോടെക്നോളജിയുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയം സെക്രട്ടറി വാക്സിൻ ലഭ്യമാക്കാനുള്ള സാധ്യതകളെക്കുറിച്ച് സൂചന നൽകിയത്.
ഇന്ത്യയിൽ വികസിപ്പിക്കുന്ന ഭരത് ബയോടെക്കിന്റെയും സൈഡസ് കാഡില്ലയുടെയും ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂറ്റിന്റെ വാക്സിൻ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. ഈ വർഷം അവസാനത്തോടെ വാക്സിൻ പുറത്തിറക്കാനാവും ഇവരുടെ ശ്രമം. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ നിർബന്ധിതരാവുകയാണ്. ഇതിന്റെ ഭാഗമായാണ് റഷ്യയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.