ഷാജൻ സ്‌കറിയയ്‌ക്ക്‌ ഇടുക്കിയിൽ മര്‍ദ്ദനം; ഡിവൈഎഫ്‌ഐ കൊല്ലാന്‍ ശ്രമിച്ചതെന്ന് മറുനാടൻ

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചവരെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ് അതിവേഗ നീക്കങ്ങള്‍ നടത്തിയിരുന്നു. സമാന ഇടപെടല്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവര്‍ക്കെതിരെ ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

By Senior Reporter, Malabar News
Shajan Skariah Attacked
ഷാജൻ സ്‌കറിയയെ തൊടുപുഴ ആശുപത്രിയിൽ എത്തിച്ചപ്പോൾ (കടപ്പാട്: മറുനാടൻ)
Ajwa Travels

ഇടുക്കി: തൊടുപുഴക്ക് സമീപം മങ്ങാട്ട് കവലയിൽ വെച്ച് ഷാജൻ സ്‌കറിയയ്‌ക്ക്‌ മർദ്ദനം. വാഹനത്തിൽ പിന്തുടര്‍ന്നെത്തി, ഷാജന്റെ വണ്ടിയിൽ ഇടിക്കുകയും തുടർന്ന് മര്‍ദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു.

മർദ്ദനത്തിൽ പരിക്കേറ്റ ഷാജൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. മൂക്കിനേറ്റ പരിക്ക് ഗുരുതരമല്ല. ഇത് സ്‌റ്റിയറിംഗില്‍ മുഖം ഇടിച്ചാണ് സംഭവിച്ചത്. മറുനാടൻ പറയുന്നത് അനുസരിച്ച്, കാറിടിച്ച് കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നിൽ ആറംഗ ഡിവൈഎഫ്‌ഐ സംഘമാണെന്നുമാണ്.

മറുനാടൻ റിപ്പോട്ടിൽ നിന്നുള്ള സുപ്രധാന ഭാഗം; “ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.

വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്‌ഥലത്ത് നിന്നും റിസപ്‌ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നാണ് ഷാജൻ കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്‌ത്‌ മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.

കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്‌മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്‌ളാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്. ആരാണ് ആക്രമിച്ചതെന്ന് ഷാജന്‍ സ്‌കറിയെ വ്യക്‌തമായി മനസിലാക്കിയിട്ടുണ്ട്.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്‌ഥയുണ്ടായിരുന്നു. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതി വിശ്വസ്‌തനായിരുന്നു ഇയാള്‍.

ശതകോടീശ്വരനായ മറ്റൊരു പ്രവാസി വ്യവസായിയുടെ പകയും പകല്‍ പോലെ വ്യക്‌തമാണ്. അടുത്ത കാലത്ത് ആ പ്രവാസിക്ക് ചില തിരിച്ചടികള്‍ ഉണ്ടായിരുന്നു.” എന്നിങ്ങനെയാണ് മറുനാടൻ വിശദീകരിക്കുന്നത്. അതേസമയം, ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക്‌ സമ്മാനമായി മകന്റെ ഉന്നതവിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE