തിരുവനന്തപുരം: വാഹനപരിശോധനക്കിടെ എസ്ഐയെ ഇടിച്ചുവീഴ് ത്തി
ബൈക്കിൽ എത്തിയവർ കടന്നുകളഞ്ഞു. തിരുവനന്തപുരം കഠിനംകുളത്താണ് ഇന്നലെ രാത്രി സംഭവം നടന്നത്. റോഡിൽ തലയടിച്ചു വീണ എസ്ഐ രതീഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപോർട്ടുകൾ.
ഇന്നലെ രാത്രി 8 മണിയോടെ ചാന്നാങ്കരയിൽ വാഹനപരിശോധന നടക്കുമ്പോഴാണ് രണ്ട് പേർ ബൈക്കിൽ എത്തിയത്. ഇവർ സഞ്ചരിച്ച വാഹനം പോലീസ് തടയാൻ ശ്രമിക്കുകയായിരുന്നു. തുടക്കത്തിൽ വാഹനം നിർത്തുകയും എന്നാൽ പോലീസ് അടുത്തേക്ക് വന്നതോടെ അമിത വേഗത്തിൽ മുന്നോട്ട് എടുക്കുകയുമായിരുന്നു. ഇതോടെ ബൈക്കിൽ പിടിച്ചിരുന്ന എസ്ഐ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. കഴക്കൂട്ടത്തെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
യുവാക്കൾ സംഭവം നടന്നയുടൻ ബൈക്കുമായി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.