പാലക്കാട്: ജില്ലയിലെ ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കുട്ടികൾക്ക് ഉൾപ്പടെയാണ് ഇവിടങ്ങളിൽ നായകളുടെ ആക്രമണത്തെ തുടർന്ന് പരിക്കേൽക്കുന്നത്. ആനക്കര, കുമ്പിടി, പെരുമ്പലം, പറക്കുളം, ചേക്കോട്, പടിഞ്ഞാറങ്ങാടി, നീലിയാട്, കുമരനല്ലൂർ, ആനക്കര ഹൈസ്‌കൂൾ എന്നീ മേഖലകളിലാണ് തെരുവ് നായകൾ ആളുകൾക്ക് വലിയ രീതിയിൽ ഭീഷണി സൃഷ്‌ടിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് വയസുള്ള കുട്ടിക്ക് ഉൾപ്പടെ 10 പേർക്ക് നേരെ ഇവിടെ നായയുടെ ആക്രമണം ഉണ്ടായി. അതിരാവിലെ പൊതുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ നായകളുടെ ആക്രമണം ഭയന്ന് മദ്രസ വിദ്യാർഥികളും, പാൽ, പത്ര വിതരണക്കാരും വടിയുമായി യാത്ര ചെയ്യേണ്ട സ്‌ഥിതിയാണ്. കൂടാതെ ഇരുചക്ര വാഹന യാത്രക്കാരുടെ പുറകെ ഇവ ആക്രമിക്കാൻ പിന്തുടരുന്നത് വലിയ അപകടങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നുണ്ട്.
പ്രദേശത്തെ വീടുകളിൽ വളർത്തുന്ന മൃഗങ്ങളെയും, പക്ഷികളെയും തെരുവ് നായകൾ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. ജനവാസ മേഖലകളിൽ ഇവ പെറ്റ് പെരുകി ആളുകൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read also: ഹിസാറിലെ കര്‍ഷക പ്രതിഷേധം; അനിശ്‌ചിതകാല എസ്‌പി ഓഫിസ് ഉപരോധം ഇന്നുമുതൽ






































