കാക്കനാട്: കൊച്ചി കാക്കനാട് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കുടുക്കിട്ട് കൊന്നു. നായ്ക്കൾക്ക് വിഷം കുത്തിവെച്ചതായും പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നായ്ക്കളെ കുടുക്കിട്ട് പിടികൂടി പിക്കപ്പ് വാനിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ വിഷം കൊടുത്ത് കൊന്നുവെന്നാണ് വിവരം.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മൃഗസ്നേഹികളടക്കം കൂടുതൽ അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് വിവരം പൂർണമായി പുറത്തുവന്നത്. തൃക്കാക്കര നഗരസഭയുടെ സമീപം താമസിക്കുന്ന കുറച്ച് ആളുകളാണ് ‘നായ് പിടുത്തക്കാർ’. നഗരസഭയുടെ അനുമതിയോടെയാണ് നായ്ക്കളെ പിടികൂടിയതെന്നാണ് ഇവരുടെ വിശദീകരണം. എന്നാൽ, ആഴ്ചകളായി നടന്നുവരുന്ന ഈ ദാരുണ സംഭവത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് നഗരസഭ വ്യക്തമാക്കിയിരിക്കുന്നത്.
നായ്ക്കളെ പിടികൂടാനോ വിഷം കൊടുത്ത് കൊല്ലാനോ നിർദ്ദേശം നൽകിയിട്ടില്ലെന്ന് നഗരസഭാ ചെയർ പേഴ്സൺ അറിയിച്ചു. തൃക്കാക്കര നഗരസഭയുടെ പിൻവശത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്ന ഭാഗത്ത് വലിയ ഒരു കുഴിയെടുത്താണ് നായ്ക്കളെ കൂട്ടത്തോടെ കുഴിച്ചിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരസഭയുടെ പ്രതിപക്ഷ നേതാവടക്കമുള്ള കൗൺസിൽ അംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
നഗരസഭയുടെ തൊട്ട് പിന്നിൽ നായ്ക്കളെ കൊന്ന് കുഴിച്ചിട്ടിട്ടും അറിവില്ലെന്ന് ചെയർ പേഴ്സൺ നൽകിയ വിശദീകരണം പ്രതിപക്ഷ നേതാവ് തള്ളി. ഹെൽത്ത് ഇൻസ്പെക്ടറിനും ചെയർ പേഴ്സണും ഇത് സംബന്ധിച്ച് അറിയാമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. തെരുവ് നായ്ക്കളെ ശാസ്ത്രീയമായി വന്ധ്യംകരണം ചെയ്യണമെന്ന് മാത്രമാണ് ഹൈക്കോടതി വരെ നിർദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നായ്ക്കളെ കൊന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്നും നഗരസഭയുടെ പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: നമ്പി നാരായണന് എതിരായി ഹരജി; അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ ആവശ്യം