തിരുവനന്തപുരം : സംസ്ഥാനത്ത് പ്രൈവറ്റ് ബസുകൾക്കും (സ്റ്റേജ് ക്യാര്യേജ്) ടൂറിസ്റ്റ് ബസുകൾക്കും (കോണ്ട്രാക്ട് ക്യാര്യേജ്) ഈ ത്രൈമാസത്തിലും നികുതിയിളവ് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2020 ജൂലൈ – സെപ്റ്റംബർ കാലത്തെ ത്രൈമാസ നികുതിയാണ് ഇളവ് ചെയ്തു നൽകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിയിരുന്നില്ല. ലോക്ഡൗണിന് ശേഷം ബസുകൾ നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാരുടെ കുറവും ഡീസൽ വിലവർദ്ധനയും മൂലം നഷ്ടത്തിലായ പ്രൈവറ്റ് ബസുകൾ പിന്നീട് സർവീസുകൾ നിർത്തുകയായിരുന്നു. നികുതിയിളവ് നൽകിയാൽ ഇനി ബസുകൾ സർവീസ് നടത്താൻ സാധിക്കുമെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നതെന്നും, അതിന്റെ പശ്ചാത്തലത്തിലാണ് നികുതിയിളവ് അനുവദിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
പ്രൈവറ്റ് ബസുകൾക്ക് ഒപ്പം തന്നെ ടൂറിസ്റ്റ് ബസുകൾക്കും നികുതിയിളവ് അനുവദിക്കുന്നുണ്ട്. വിവാഹങ്ങളും മറ്റു ചടങ്ങുകളും ആർഭാടമില്ലാതെ നടത്തുന്നത് ടൂറിസ്റ്റ് ബസുടമകളെയും ബാധിച്ചത് കണക്കിലെടുത്താണ് നികുതിയിളവ് അനുവദിച്ചത്. കഴിഞ്ഞ ത്രൈമാസക്കാലത്തും (ഏപ്രിൽ – ജൂൺ )ഇവയ്ക്ക് നികുതിയിളവ് അനുവദിച്ചിരുന്നു. പ്രൈവറ്റ് ബസുകൾക്ക് പൂർണ്ണമായും ടൂറിസ്റ്റ് ബസുകൾക്ക് 20 ശതമാനവുമാണ് നികുതിയിളവ് നൽകിയിരുന്നത്.
പ്രൈവറ്റ് ബസുകളിൽ നിന്ന് 44 കോടി രൂപയും ടൂറിസ്റ്റ് നിന്ന് 45 കോടി രൂപയുമാണ് ഓരോ ത്രൈമാസത്തിലും സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 53 കോടി രൂപയുടെ നികുതിയിളവ് ഇവയ്ക്ക് നൽകിയിരുന്നു. ഇതോടെ ബസുകൾക്ക് നൽകുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.