കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ എട്ടുമണി മുതലാണ് ഗതാഗത നിയന്ത്രണം.
എട്ടുമണിമുതൽ ഇടവിട്ട സമയങ്ങളിൽ ചുരത്തിലെ ഗതാഗതം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഇതിനാൽ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ തുടങ്ങി അത്യാവശ്യ യാത്ര ചെയ്യുന്നവർ ചുരം പാത ഒഴിവാക്കുകയോ, അല്ലെങ്കിൽ ഗതാഗതം തടസം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കുകയോ ചെയ്യണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത്. എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങളാണ് നാളെ ലോറിയിൽ കയറ്റുന്നത്. ചുരത്തിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവായതോടെയാണ് വീതി കൂട്ടാനുള്ള നടപടികളുമായി ദേശീയപാത അതോറിറ്റി മുന്നോട്ടുപോകുന്നത്.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്ട്രേലിയയിൽ






































